ന്യൂഡൽഹി: പശ്ചിമേഷ്യയിൽ തുടരുന്ന ഇറാൻ-ഇസ്രയേൽ യുദ്ധം അവസാനിപ്പിക്കാൻ നയതന്ത്ര ചർച്ചകളും സംവാദങ്ങളും അടിയന്തരമായി പുനരാരംഭിക്കണമെന്ന് ഇന്ത്യ. ഹോർമുസ് കടലിടുക്കിലെ പ്രതിസന്ധി ചർച്ച ചെയ്യാൻ ബ്രിട്ടൻ വിളിച്ചുചേർത്ത ഉന്നതതല യോഗത്തിൽ സംസാരിക്കവെ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയാണ് ഇന്ത്യയുടെ നിലപാട് വ്യക്തമാക്കിയത്.
സംഘർഷം ലഘൂകരിക്കാനും നയതന്ത്ര ചർച്ചകളിലേക്ക് മടങ്ങാനുമാണ് മുൻഗണന നൽകേണ്ടതെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. യുദ്ധം ആഗോള സമാധാനത്തിന് ഭീഷണിയാണെന്നും മിസ്രി ചൂണ്ടിക്കാട്ടി. ഗൾഫ് മേഖലയിൽ ചരക്കുകപ്പലുകൾക്ക് നേരെയുണ്ടായ ആക്രമണങ്ങളിൽ സ്വന്തം നാവികരുടെ ജീവൻ നഷ്ടപ്പെട്ട ഏക രാജ്യം ഇന്ത്യയാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. കടൽമാർഗ്ഗമുള്ള ചരക്കുനീക്കത്തിൽ ഇന്ത്യൻ നാവികർ നേരിടുന്ന സുരക്ഷാ വെല്ലുവിളികളിൽ അദ്ദേഹം ആശങ്ക രേഖപ്പെടുത്തി.
പശ്ചിമേഷ്യയിലെ അസ്ഥിരത ഇന്ത്യയുടെ ഊർജ സുരക്ഷയെ ബാധിക്കുന്നുണ്ട്. ഇന്ധന വിതരണ ശൃംഖല തടസപ്പെടുന്നത് ഇന്ത്യയുടെ സാമ്പത്തിക മേഖലയെ ദോഷകരമായി ബാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാൻ ഇന്ത്യ നടത്തുന്ന നയതന്ത്ര നീക്കങ്ങളെക്കുറിച്ച് യോഗത്തിൽ വിശദീകരിച്ചു.
ഹോർമുസ് കടലിടുക്കിലൂടെയുള്ള സുരക്ഷിതമായ കപ്പൽ ഗതാഗതം ഉറപ്പാക്കാൻ അന്താരാഷ്ട്ര സമൂഹം ഒത്തൊരുമിച്ച് പ്രവർത്തിക്കണമെന്നും മിസ്രി ആവശ്യപ്പെട്ടു.